തിരുവനന്തപുരം: സിപിഎമ്മിൽ കത്ത് ചോർച്ചാ വിവാദം കനക്കുന്നു. പിബിക്ക് നല്കിയ കത്ത് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ മകന് ചോര്‍ത്തി എന്നാരോപിച്ച് പാര്‍ട്ടി ജനറല്‍ സെക്രട്ടറിക്ക് വ്യവസായി പരാതി നല്കി.
പാര്‍ട്ടിക്ക് നല്കിയ രഹസ്യ കത്ത് എങ്ങനെ ഡല്‍ഹി ഹൈക്കോടതിയിലെ മാനനഷ്ടക്കേസില്‍ തെളിവായി എന്നാണ് ചെന്നൈ വ്യവസായി മുഹമ്മദ് ഷര്‍ഷാദ് ജനറല്‍ സെക്രട്ടറി എം.എ. ബേബിക്ക് നല്കിയ പരാതിയിലെ ചോദ്യം. ലണ്ടൻ മലയാളി രാജേഷ് കൃഷ്ണ വഴി പാർട്ടി നേതാക്കളുടെ അക്കൗണ്ടിലേക്ക് പണമെത്തിയെന്നതടക്കം ഗുരുതര ആരോപണങ്ങളാണ് പരാതിയിലുള്ളത്.
ലണ്ടനിലെ വ്യവസായി രാജേഷ് കൃഷ്ണ നൽകിയ മാനനഷ്ട കേസിലാണ് വിവാദ കത്തുള്ളത്. പാർട്ടിക്ക് നൽകിയ രഹസ്യ കത്ത് എങ്ങനെ മാനനഷ്ടക്കേസിൽ തെളിവായി എന്ന് ചോദ്യമാണ് ഉയരുന്നത്. പരാതിക്ക് പിന്നാലെ രാജേഷ് കൃഷ്ണയെ മധുര പാർട്ടി കോൺഗ്രസിൽ നിന്ന് പുറത്താക്കിയിരുന്നു. പുറത്താക്കൽ എം.എ. ബേബി സ്ഥിരീകരിക്കുകയും ചെയ്തു.
ഇത് മാധ്യമങ്ങളിൽ വാർത്തയായി വന്നതോടെ രാജേഷ് കൃഷ്ണ ഡൽഹി ഹൈക്കോടതിയിൽ മാനനഷ്ടക്കേസ് ഫയൽ ചെയ്തു. കോടതിയിൽ സമർപ്പിച്ച രേഖക്കൊപ്പം തനിക്കെതിരെ സിപിഎം നേതൃത്വത്തിന് കിട്ടിയ പരാതിയും രാജേഷ് കൃഷ്ണ ഭാഗമാക്കി.
ഈ രേഖ പുറത്തുവന്നതിന് പിന്നിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ മകൻ ശ്യാമിന് ബന്ധമുണ്ടെന്ന ആരോപണമാണ് മുഹമ്മദ് ഷര്‍ഷാദ് ഉന്നയിക്കുന്നത്. ഇക്കാര്യം സൂചിപ്പിച്ച് ഈ മാസം 12ന് പാർട്ടി ജനറൽ സെക്രട്ടറിക്ക് പരാതി നൽകുകയായിരുന്നു.